രാജ്യത്ത് 94 ലക്ഷത്തിനടുത്ത് കോവിഡ് ബാധിതര്‍; 41,810 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിന് അടുത്തെത്തി. പുതുതായി 41,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 93,92,919 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4,53,956 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 88,02,267 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 496പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,696 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് മരണനിരക്ക് ദേശീയ ശരാശരിയായ 1.46 ശതമാനത്തേക്കാള്‍ താഴെയാണെന്നത് ആശ്വാസം ഉയര്‍ത്തുന്നുണ്ട്.

കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് ലോകരാജ്യങ്ങള്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണവും നിര്‍മാണവും നടക്കുന്ന പുണെ, അഹ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക് എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.

Content Highlight: Covid daily Update