ചെന്നൈ: രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രജനീ മക്കള്‍ മന്‍ട്രം പാര്‍ട്ടിയുടെ ഭാരവാഹി യോഗം തമിഴ്നാട്ടില്‍ ആരംഭിച്ചു. കോടമ്പക്കം കല്യാണ മണ്ഡപത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനത്തിലായി തമിഴ്നാട് ഉറ്റുനോക്കുകയാണ്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണ് ലക്ഷ്യമെന്നും രജനീകാന്ത് പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നത്.
ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവര്‍ത്തനം തുടങ്ങിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. സംസ്ഥാന പര്യടനത്തിനു തയാറെടുക്കുകയാണെന്ന അഭ്യൂഹം പുറത്തു വന്നതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കോവിഡ് സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നല്‍കിയിരുന്നു.
ഇന്നത്തെ യോഗത്തില്‍ മക്കള്‍ മന്‍ട്രം ഭാരവാഹികളുടെ മുന്നില്‍ സൂപ്പര്‍ സ്റ്റാര്‍ നിലപാടു പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഉടനീളം ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. എന്നാല്‍, ആരാധകരെ സംഘടിപ്പിച്ചുള്ള വിജയിച്ചാല്‍ മാത്രം ഒടുവില്‍ നേതൃനിരയിലേക്ക് രംഗപ്രവേശം ചെയ്യാമെന്ന തീരുമാനത്തിലാണ് രജനീകാന്ത്. ബിഹാറിനും മധ്യപ്രദേശിനും ശേഷം തമിഴ്നാട് പിടിച്ചെടുക്കാനുള്ള മോഹവുമായി ബിജെപി നേതാക്കള്‍ രജനികാന്തുമായി സഖ്യം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രഖ്യാപനവുമായി രജനീകാന്ത് രംഗത്തിറങ്ങുന്നത്.
Content Highlight: Rajinikanth meeting members of Rajini Makkal Mandram