കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ സ്വദേശിയുടെ ആരോഗ്യ പ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് സവാക്‌സിന്‍ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവന. വാക്‌സില്‍ സുരക്ഷിതവും രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം വ്യക്തമാക്കി.

ചെന്നൈ സ്വദേശിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അത്യന്തം നിര്‍ഭാഗ്യകരമായി പോയെന്ന് പ്രതികരിച്ച സെറം, അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചതു കൊണ്ട് സംഭവിച്ചതല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച വ്യക്തി വാക്‌സിന്‍ നിര്‍മാതാക്കളോട് നഷ്ട പരിഹാരമായി അഞ്ച് കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതെന്ന് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് വ്യക്തമാക്കി.

അതേസമയം, വാക്‌സിന്‍ ട്രയലുമായി ബന്ധപ്പെട്ടല്ല ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും നടത്തിയ പരിശോധനയില്‍ വ്യക്തമായി. കമ്പനിക്കുണ്ടായ മാനഹാനിയില്‍ ചെന്നൈ സ്വദേശിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും, 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വാക്‌സിന്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടുന്നത് വരെ വ്യാപക ഉപയോഗത്തിന് വാക്‌സിന്‍ ലഭ്യമാക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Oxford’s covid19 vaccine Covishield is safe says SII