നടിയെ ആക്രമിച്ച കേസ്: എംഎല്‍എ ഓഫീസില്‍ നിന്ന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. എംഎല്‍എയുടെ പി എ സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ച സംഭവത്തിലായിരുന്നു പരിശോധന. ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ കടുത്ത അതൃപ്തിയിലാണ് എംഎല്‍എ ഗണേഷ് കുമാര്‍.

കേസിലെ മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്താന്‍ പി എ ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെങ്കിലും പൊലീസിന് അത് സാധിക്കാതെ വന്നതോടെയാണ് ഗണേഷ് കുമാര്‍ അതൃപ്തി അറിയിക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് ബി നേതൃത്വവും പൊലീസ് നടപടിയില്‍ അതൃപ്തി അറിയിച്ച് ഇടതു മുന്നണിയെ സമീപിക്കുമെന്നാണ് സൂചന. സിപിഎം അനുമതിയോടെയാണ് ഓഫീസില്‍ റെയ്ഡ് നടന്നതെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം രാഷ്ട്രീയ താല്‍പര്യം ലക്ഷ്യം വെച്ചാണെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് വെച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ബി ഗ്രൂപ്പ്.

ഇതിനിടെ കേസിലെ മാപ്പു സാക്ഷിയെ കാസര്‍ഗോട്ടെത്തി ഭീക്ഷണിപ്പെടുത്തിയ അറസ്റ്റിലായ പിഎയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രദീപിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാദികളോടെയാണ് കാസര്‍കോട് കോടതി പ്രദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlight: MLA K B Ganesh Kumar against raid in MLA Office