1984 ലെ വിഷവാതക ദുരന്തത്തിൽ നിന്നും രക്ഷപെട്ട 102 പേർ കൊവിഡ് ബാധിച്ച് മരണപെട്ടതായി മധ്യപ്രദേശ് സർക്കാർ. ഭോപ്പാൽ വാതക ദുരന്തത്തിന്റെ 36-ാം വാർഷകത്തിന്റെ തലേ ദിവസമായ ബുധനാഴ്ചയാണ് വ്യത്യസ്ത കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ മധ്യപ്രദേശ് സർക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തിൽ മരണപെട്ടത് 254 പേരാണെന്നും അവകാശപെട്ട് സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബർ 2 വരെ ഭോപ്പാൽ ജില്ലയിൽ കൊവിഡ് ബാധിച്ച് 518 പേരാണ് മരണപെട്ടത്. ഇവരിൽ 102 പേർ ഭോപ്പാൽ വിഷ വാതക ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരാണ്.
ഈ 102 പേരിൽ 69 ആളുകളും 69 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ബാക്കി 33 പേർ 50 വയസ്സിന് താഴയുള്ളവരുമാണെന്ന് ഭോപ്പാൽ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷൻ ഡയറക്ടർ ബസന്ത് കുറെ വ്യക്തമാക്കി. എന്നാൽ ബിജിഐഎ എന്ന സംഘടന വ്യക്തമാക്കുന്നത് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 518 പേരാണ് ഭോപ്പാൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപെട്ടതെന്നാണ്. ഇതിൽ 450 ആളുകളുടെ വീടുകളിൽ സന്ദർശനം നടത്തിയതായും ഇതിൽ 254 ആളുകളും ഭോപ്പാൽ വിഷ വാതക ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരാണെന്നും സംഘടന പറഞ്ഞു.
കൂടാതെ വാതക ദുരന്ത ബാധിതരെ ചികിത്സിക്കുന്നതിനായി ഏർപാടാക്കിയ സ്മാർട് കാഡ് ഇവരുടെ കൈവശമുള്ളതായും ദുരന്ത നഷ്ടപരിഹാരത്തിന്റെ രേഖകളടക്കം ഇവരുടെ പക്കലുണ്ടെന്നും എൻജിഒ അവകാശപെട്ടു. ഈ രേഖകൾ സർക്കാരിന് സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധ മൂലം മരിച്ച ദുരന്ത ബാധിതരുടെ നിരക്ക് 6.5 ശതമാനമാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി. ഇത് മറ്റ് രോഗ ബാധിതരെ അപേക്ഷിച്ച് കൂടുതലാണെന്നും എൻജിഒ പ്രതിനിധി രചന ദിംഗര വ്യക്തമാക്കി. 1984 ഡിസംബറിൽ നടന്ന വിഷ വാതക ദുരന്തത്തിൽ 15000 ത്തിലധികം ആളുകളാണ് മരണപെട്ടത്. അഞ്ചു ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിക്കുകയും ചെയ്തു.
Content Highlights; 102 survivors of Bhopal gas tragedy died of COVID-19: MP govt