ബുറെവി തീരം തൊട്ടു; കേരളത്തിലെ പ്രതിരോധ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: ബെംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍. മണിക്കൂറില്‍ 100 മീറ്റര്‍ വേഗതയില്‍ കന്യാകുമാരിയില്‍ പ്രവേശിക്കുന്ന ബുറെവി, തിരുവനന്തപുരത്ത് എത്തുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 70 കിലോമീറ്ററായി ചുരുങ്ങുമെന്നാണ് നിരീക്ഷണം. കേരളത്തില്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദുരന്ത സാഹചര്യം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ കേരളത്തിലെത്തിച്ചിട്ടുണ്ട്. വ്യോമ സേനയുടെ ഹെലികോപ്റ്ററുകള്‍ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്‌സ് ബേസില്‍ തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. നാവിക സേനയെയും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം ചുഴലിക്കാറ്റിനെ നേരിട്ടിട്ടുള്ളതിനാല്‍ സര്‍വ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചിട്ടുണ്ട്.

അതി തീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Burevi Cyclone will reach Kerala by tomorrow