അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍

ന്യൂയോര്‍ക്ക്: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റണമെന്നും നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. അമേരിക്കയും ബ്രിട്ടണുമാണ് കഞ്ചാവിനെ ഷെഡ്യൂല്‍ നാലില്‍ നിന്ന് മാറ്റാന്‍ മുന്‍കൈ എടുത്തത്.

1961 മുതല്‍ മാരകമായ ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഷെഡ്യൂള്‍ നാലില്‍ നിന്ന് കഞ്ചാവിനെ മാറ്റുന്നതിന് ഇന്ത്യയും യുഎന്നിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ചൈന, റഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നടപടിക്കെതിരെ വോട്ട് ചെയ്തു.

യുഎന്‍ നടപടിയെ തുടര്‍ന്ന് യുഎസില്‍ കഞ്ചാവ് ഔഷധത്തിനായി ഉപയോഗിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നു. ലഹരി വസ്തുക്കള്‍ നിയമ വിധേയമാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള അന്തിമ അനുമതി നല്‍കാനുള്ള അവകാശം അതത് രാജ്യങ്ങള്‍ക്കാണെങ്കിലും രാജ്യങ്ങള്‍ അവരുടെ നയങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതില്‍ യുഎന്‍ ശുപാര്‍ശകള്‍ പ്രധാനമാണ്.

Content Highlight: Narcotics Commission votes to remove Cannabis from schedule