കഞ്ചാവിനെ മയക്കു മരുന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് ശശി തരൂര്‍; ഇന്ത്യയുടെ നടപടിക്ക് പിന്തുണ

തിരുവനന്തപുരം: കഞ്ചാവ് നിയമ വിധേയമാക്കാനുള്ള യുഎന്‍ നാര്‍ക്കോട്ടിക്‌സ് മയക്കു മരുന്ന് കമ്മീഷന് ഇന്ത്യ പിന്തുണ അറിയിച്ചതിന് പിന്നാലെ ട്വീറ്റുമായി ശശി തരൂര്‍ എംപി. കഞ്ചാവിനെ അപകടകരമായ മയക്കു മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒവിവാക്കുന്നതിന് നേരത്തെ തന്നെ താന്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പഴയ ട്വീറ്റ് പങ്കുവെച്ചുള്ള പോസ്റ്റ്. ഷെഡ്യൂള്‍ നാലില്‍ നിന്ന് കഞ്ചാവിനെ മാറ്റാനുള്ള നീക്കത്തിന് അമേരിക്കയും ബ്രിട്ടണുമാണ് മുന്‍കൈ എടുത്തത്.

കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇത് നിയമ വിധേയമാക്കമമെന്നും ആവശ്യപ്പെട്ട യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന് പിന്തുണയറിയിച്ച് ഇന്ത്യയും വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ ട്വീറ്റ്. ‘താന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും രണ്ടു വര്‍ഷം മുമ്പ് ഇത് നിയമവിധേയമാക്കാനുള്ള നയശുപാര്‍ശ നടത്തിയപ്പോള്‍ തനിക്ക് നേരെ ആക്രമണമുണ്ടായതായും ശശി തരൂര്‍ വ്യക്തമാക്കി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മീഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചതായും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

1961 മുതല്‍ മാരകമായ ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ചൈന, റഷ്യ, പാകിസ്താന്‍ തുടങ്ങി 25 രാജ്യങ്ങള്‍ യുഎന്‍ നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 53 അംഗ സി.എന്‍.ഡി. അംഗരാജ്യങ്ങളില്‍ ഇന്ത്യ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളടക്കം 27 വോട്ടുകളാണ് കഞ്ചാവിനെ ഈ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

Content Highlight: Shasi Tharoor in support to legalize Cannabis