ബുറെവി ചുഴലിക്കാറ്റ്; ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും

restrictions at Sabarimala precautions

ബുറെവി ചുഴലിക്കാറ്റുമായി ബന്ധപെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും. ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനവഴിയിൽ മരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആലോചന. എന്നാൽ നിലവിൽ വളരെ കുറച്ച് ഭക്തർ മാത്രമാണ് എത്തുന്നത് എന്നതു കൊണ്ട് തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപെടുത്തുന്ന കാര്യങ്ങൾ ആലോചിക്കുകയുള്ളു.

അടിയന്തര സാഹചര്യം നേരിടുന്നതിനായി അഗ്നിശമന സേനയുടേയും ദുരന്ത നിവാരണ സംഘത്തിന്റേയും പ്രത്യേക സംഘങ്ങളും ശബരിമലയിൽ ഉണ്ട്. പത്തനംതിട്ടയിലെ മണ്ണടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതകളുള്ള മലയോര മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പമ്പയുടേയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Content Highlights; restrictions at Sabarimala precautions