ബെംഗളൂരു: ചട്ടപ്രകാരമുള്ള ഇളവ് നല്‍കി മോചനം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു ജയിലില്‍ തുടരുന്നതിനിടെയാണ് ഇളവ് നല്‍കി ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശശികല ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അഴിമതി കേസില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഇളവ് നല്‍കാനാവില്ലെന്നായിരുന്നു കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
കര്‍ണാടക ജയില്‍ ചട്ടങ്ങള്‍ പ്രകാരം നല്ല നടപ്പിന് ഒരു മാസം 3 ദിവസത്തെ ശിക്ഷയിളവ് നല്‍കാം. ഇതുപ്രകാരം തനിക്ക് 135 ദിവസത്തെ ഇളവിന് അവകാശമുണ്ടെന്നും ഇതനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ അഭ്യര്‍ത്ഥന. ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ രണ്ടാഴ്ച മുന്‍പ് ശശികല കോടതിയില്‍ അടച്ചിരുന്നു. ഇതിന്റെ വിവരം ബെംഗളൂരു ജയില്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ശിക്ഷയിളവ് തേടി ശശികല നേരിട്ട് അപേക്ഷ നല്‍കിയതിനാല്‍ ഇളവുമായി ബന്ധപ്പെട്ട അനിശ്ചിത്വം ഉടന്‍ നീങ്ങിയേക്കുമെന്നാണ് സൂചന.
4 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയില്‍ വാസം നിയമപ്രകാരം ജനുവരി 27നാണു തീരുക. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിനിടെ 2016ലാണ് ശശികല ജയിലിലാകുന്നത്.
Content Highlight: Sasikala applies for early remission and release from Bengaluru prison