വാഷിങ്ടണ്‍: മോഡേണ വാക്സിന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് മൂന്നു മാസത്തോളം മനുഷ്യ ശരീരത്തില്‍ നിലനില്ക്കാനാവുന്ന ആന്റിബോഡി ഉല്പാദിപ്പിക്കാനാകുമെന്ന് പഠനം. കൊവിഡ് പ്രതിരോധത്തിന് 94 ശതമാനം ഫലപ്രദമാണ് മോഡേണ വാക്സിനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. mRNA-1273 എന്നു പേരിട്ടിരിക്കുന്ന വാക്സിന്, 28 ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് ഇന്‍ജക്ഷനായാണ് നല്‍കുന്നത്.
മോഡേണ വാക്സിന് നിര്‍മ്മിക്കുന്നതില്‍ പങ്കെടുത്ത അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അലര്‍ജീസ് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ആദ്യ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തതും പ്രായപൂര്‍ത്തിയായവരുമായ യുവാക്കളും പ്രായമായവരും ഉള്‍പ്പെട്ട 34 പേരിലെ പ്രതിരോധ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.
സാധാരണ ഗതിയില്‍ സാര്‍സ് കൊവിഡ് വൈറസിനെതിരെ പൊരുതുന്ന ആന്റി ബോഡികള്‍ ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് ചെറുതായി നശിക്കുകയാണ് ചെയ്യാറ്. എന്നാല്‍ മോഡേണ വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും വാക്സിന് സ്വീകരിച്ച് മൂന്നു മാസത്തോളം ആന്റി ബോഡികള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നാണ് പഠനം പറയുന്നത്.
Content Highlights: Moderna Vaccine helps to Antibodies to last for three months-report