കൊവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക്

ചണ്ഡിഗഢ്: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്ത്. കൊവാക്‌സിന്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാനാവൂ എന്നാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍ നല്‍കുന്ന വിശദീകരണം. കൊവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

’28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്’- ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ വാക്‌സിന്‍ സ്വീകരിച്ച 50 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും ബാക്കിയുള്ളവര്‍ക്ക് പ്ലാസിബോ (രോഗിയുടെ തൃപ്തിക്ക് വേണ്ടി മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു) യാണ് നല്‍കിയതെന്നും ഭാരത് ബയോടെക് അറിയിച്ചു.

രണ്ടാഴ്ച്ച മുമ്പായിരുന്നു അനില്‍ വിജ് കൊവാക്‌സിന്‍ സ്വീകരിച്ചത്. കൊവാക്സിന്റ മൂന്നാംഘട്ട പരീക്ഷണത്തിലായിരുന്നു മന്ത്രി വാക്സിന്‍ സ്വീകരിച്ചത്. പരീക്ഷണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാകാന്‍ മന്ത്രി സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു.

Content Highlight: Covaxin efficacy determined after two doses, says Bharat Biotech after Anil Vij contracts Covid-19