‘സ്വീകരിച്ചത് വാക്‌സിന്റെ ആദ്യ ഡോസ് മാത്രം’; കൊവാക്‌സിന് പിന്തുണയറിയിച്ച് അനില്‍ വിജ്

ചണ്ഡിഗഡ്: ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രി അമില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി തന്നെ രംഗത്ത്. വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്ന് മന്ത്രി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വാക്‌സിന്റെ കാര്യക്ഷമതയെ കുറിച്ച് വ്യാപക സംശയം ഉയര്‍ന്നിരുന്നു.

വിശദീകരണവുമായി ഭാരത് ബയോടെക് തന്നെ രംഗത്ത് വന്നിരുന്നു. ’28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്’ എന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ ആന്റിബോഡി ഉണ്ടാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വാക്‌സിന്‍ പരീക്ഷണ സമയത്ത് വിശദമാക്കിയതായും അനില്‍ വിജ് ട്വീറ്റ് ചെയ്തു. വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലം കാണൂവെന്ന് ആരോഗ്യ മന്ത്രാലയവും വിശദീകരണം നല്‍കിയിരുന്നു. ഭാരത് ബയോട്ടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ യുഎസിലും യുകെയിലും പുരോഗമിക്കുന്നുണ്ട്.

Content Highlight: Anil Vij reacts in support with Covaxin