തെരഞ്ഞെടുപ്പിൽ ജാഗ്രത വേണം, കൊവിഡ് വ്യാപനത്തിന് അവസരം കൊടുക്കരുത്; കെ. കെ. ഷെെലജ

Health deaprtment protocol for local body elections 2020

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന ഒരോരുത്തരും ശ്രദ്ധിച്ചാൽ വ്യാപനതോത് കുറയ്ക്കാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

അതൊടോപ്പം വോട്ടെടുപ്പിന് പോകെണ്ടതിന് പൊതുജനങ്ങൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കുംവായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്. റജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക. പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.

ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം. പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും 6 അടി അകലം പാലിക്കണം. വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക. പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം.

അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചു പോകുക. വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം∙

വോട്ടെടുപ്പിന് 10 ദിവസം മുൻപു മുതല്‍ തലേദിവസം 3 മണി വരെ കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ ഉള്ളവരും പോളിങ് ബൂത്തില്‍ പോകേണ്ടതില്ല. ഇവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. തലേദിവസം 3 മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തില്‍ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാവുന്നതാണ്. 

content highlights: Health deaprtment protocol for local body elections 2020