തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

health department said the possibility to increase the covid cases in the state again after the election

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് നിഗമനം. ഓണം ക്ലസ്റ്റർ പോലെ തെരഞ്ഞെടുപ്പ് ക്ലസ്റ്റർ രൂപപെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗ വ്യാപനം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

രോഗവ്യാപനം കണക്കിലെടുത്ത് കൂടുതൽ സി.എഫ്.എൽ.ടിസികൾ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ 11 പുതിയ സി.എഫ്.എൽ.ടിസികൾ കൂടി തുറക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. രോഗ വ്യാപന സാഹചര്യവും ഒരോ ജില്ലയിലെയും കൊവിഡ് കണക്കുകളും വിലയിരുത്തി ആവശ്യമെങ്കിൽ സി.എഫ്.എൽ.ടിസികളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. 1380 ബെഡ്ഡുകൾ സജ്ജമാക്കത്തക്ക വിധത്തിലാണ് ഇവ ഒരുക്കുന്നത്.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എൽ.ടിസികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ നിലവിൽ ഒഴിവുണ്ട്. കൂടാതെ വിദ്യാലയങ്ങളിൽ സജ്ജീകരിച്ചിരുന്ന കൊവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റമെന്റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈൻ സെന്ററുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസങ്ങളിലും പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തിലും പലയിടത്തും നിയന്ത്രണങ്ങൾ പാളിയതിനാൽ ഇത് ഗുരുതര സ്ഥിതി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

Content Highlights; health department said the possibility to increase the covid cases in the state again after the election