രാജ്യത്തെ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധനവില. 17 ദിവസത്തിനിടെ 13മത്തെ തവണയാണ് ഇന്ധന വില വർധിച്ചത്. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളം വർധിച്ചു. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപയിലാക്കി. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 83.41 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപ 66 പെെസയും ഡീസലിന് 77 രൂപ 74 പെെസയുമാണ്.
എണ്ണക്കമ്പനികൾ രണ്ടുമാസത്തെ ഇടവേളക്കുശേഷം നവംബർ 20നാണ് പ്രതിദിനം ഇന്ധനവില പരിഷ്കരണം പുനഃരാരംഭിച്ചത്. സെപ്റ്റംബർ 22 മുതൽ പെട്രോൾ വില നിശ്ചലമായിരുന്നു. ഒക്ടോബർ 2 മുതൽ ഡീസൽ നിരക്കിനും മാറ്റമുണ്ടായിരുന്നില്ല. പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ അന്താരാഷ്ട്ര എണ്ണ വിലയും വിദേശ നാണ്യ നിരക്കും അടിസ്ഥാനമാക്കിയാണ് പ്രതിദിനം പെട്രോൾ ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്.
content highlights: Petrol price hits 2-year high of Rs 83 a liter in Delhi, diesel at 73.32