സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; അഞ്ച് ജില്ലകളിലും മികച്ച പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാരാണ് അഞ്ച് ജില്ലകളില്‍ നിന്നായി വിധിയെഴുതുന്നത്.

തുടക്കത്തില്‍ തന്നെ ചിലയിടങ്ങളില്‍ യന്ത്ര തകരാര്‍ മൂലം വോട്ടിംങ് തടസ്സപ്പെട്ടു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 16 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ചൊവ്വാഴ്ച്ച നേരിട്ട് പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യ പ്രചാരണം ചൊവ്വാഴ്ച്ച വൈകിട്ടോടെ സമാപിക്കും.

Content Highlight: First Round of Local body elections starts in Kerala