ചെെനയുടെ സഹകരണത്തോടെ നിർമിച്ച കൊവിഡ് വാക്സിനായ സിനോഫാമിന് യുഎഇ ഔദ്യോഗിക അംഗീകാരം നൽകി. സിനോഫാമിന് 86 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും യുഎഇ ആരോഗ്യവകുപ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെെനയിലെ ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ടാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ജൂണിലാണ് വാക്സിൻ്റെ മൂന്നാം ഘട്ട ട്രയൽ യുഎഇയിൽ ആരംഭിച്ചത്. സെപ്റ്റംബറോട് കൂടി വാക്സിൻ്റെ അടിയന്തിര ഉപയോഗത്തിന് അന്താരാഷ്ട്ര അനുമതി ലഭിക്കുകയായിരുന്നു.
യുഎഇയിൽ നടന്ന വാക്സിൻ ട്രയലിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. എന്നാൽ പരീക്ഷണത്തിൽ എത്രപേർക്ക് പാർശ്വഫലങ്ങൾ ഉണ്ടായെന്നൊ എത്രപേർ രോഗികളായെന്നൊ ഉള്ള കണക്കുകൾ പുറത്തുവിട്ടിരുന്നില്ല. ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഗ്രൂപ്പ് 42 (ജി 42) ഉം ചേർന്നാണ് യുഎഇലെ വാക്സിൻ ട്രയലിന് നേതൃത്വം നൽകിയിരുന്നത്. ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കും സിനോഫാം വാക്സിൻ ട്രയൽ വ്യാപിപ്പിച്ചിട്ടുണ്ട്.
content highlights: UAE says Sinopharm vaccine has 86% efficacy against COVID-19