രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ്; എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 63% പോളിങ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചകഴിഞ്ഞ് 3.15 വരെ 63 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.

പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.

കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്ബ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു. അത്രയും വോട്ടര്‍മാരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ ശ്രമം നടന്നു.

47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Second Phase of Kerala Local Body Election