തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആരംഭിച്ചു. രാവിലെ ആറര മുതല്‍ പലയിടത്തും പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വിവിധ ബൂത്തുകളില്‍ പോളിങ് നേരത്തെ ആരംഭിച്ചതും, മറ്റ് ചിലയിടങ്ങളില്‍ യന്ത്ര തകരാറുകള്‍ കണ്ടെത്തിയതും വിവാദമായെങ്കിലും പ്രശ്‌നം പരിഹരിച്ച് പോളിങ് മുന്നോട്ട് പോവുകയാണ്. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.
കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിക്ക് വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു.
പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നത് ആശങ്കക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. അവസാന ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ചയാണ് നടക്കുന്നത്.
Content Highlight: Second Phase of Local Body Elections started