പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാകും വിധമാകും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്. മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കും.

വിശാലമായ ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി ഒരു ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍, ഡൈനിംഗ് ഏരിയ, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയും പുതിയ മന്ദിരത്തിന്റെ ഭാഗമായ് ഉണ്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്കും ആകും ഇരിപ്പിട സൗകര്യമുണ്ടായിരിക്കുക. ഭാവിയില്‍ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിച്ചിരിക്കുന്നത്.

971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. അതേസമയം, മന്ദിരത്തിന് ശിലയിട്ടാലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനായി സുപ്രിംകോടതിയുടെ അനുമതി അവശ്യമാണ്.

Content Highlight: Stone laying ceremony of the new Parliament building