സൗജന്യ വാക്സിൻ കൊവിഡ് ചികിത്സയുടെ ഭാഗം; മുഖ്യമന്ത്രിയെ പിന്തുണച്ച് എ. വിജയരാഘവൻ

A Vijayaraghavan's explanation on free covid vaccine offer by CM Pinarayi Vijayan

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലംഘനമാണെന്ന യുഡിഎഫ് ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വാക്സിനും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. 

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കൊവിഡ് വാക്സിനും കൊവിഡ് ചികിത്സയുടെ ഭാഗമാണ്. കൊവിഡ് കാര്യങ്ങൾ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിൽ വാക്സിൻ സംബന്ധിച്ച പ്രസ്താവനകളോ അഭിപ്രായ പ്രകടനങ്ങളോ നടത്തുന്നത് സ്വഭാവികമാണ്. അതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎ ഹസ്സൻ്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്ന സന്ദർഭത്തിൽ കൊവിഡ് രോഗം കൂടിയെന്ന് പറയാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സൌജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലംഘനമാണെന്ന് കാണിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

content highlights: A Vijayaraghavan’s explanation on free covid vaccine offer by CM Pinarayi Vijayan