കൊവിഡ് വാക്സിൻ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

state election commissioner reaction to cm comment on covid vaccine

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടൊ എന്നത് സംബന്ധിച്ച പരിശോധന നടത്തുമെന്നും മാധ്യമ വാർത്തകൾ താൻ കണ്ടതായും അദ്ദേഹം വ്യക്തമാക്കി.

കലാശ കൊട്ടിലെ ആൾകൂട്ടത്തെ കുറിച്ച് അറിഞ്ഞതായും ചില സ്ഥലങ്ങളിലെ അണികളുടെ ആവേശം കൂടി പോയിട്ടുണ്ട്. അത് പോലീസ് ഇടപെട്ട് പരിഹരിച്ചതായും വി ഭാസ്കരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നിലനിൽക്കെ നടത്തിയ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമാണെന്നാരോപിച്ച് യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വാക്സിൻ ലഭ്യമായാൽ സൗജന്യമായി നൽകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായത്.

ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ പരാതി നൽകുമെന്നും യുഡിഎഫ് കൺവീനർ എം എ ഹസ്സൻ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം സമാപിക്കുന്നതിന് തൊട്ടു മുൻപാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Content Highlights; state election commissioner reaction to cm comment on covid vaccine