മുഖ്യമന്ത്രിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാദീനിക്കാന്‍; പരാതിയുമായി കോണ്‍ഗ്രസ്

notice to cm pinaayi vijayan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് യുഡിഎഫ്. നാല് ജില്ലകളില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത്തരത്തില്‍ പ്രസ്താവന ഇറക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പ്രസ്താവന വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വിലയിരുത്തല്‍. അതിനിടെയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും, എത്രത്തോളം വാക്‌സിന്‍ ലഭിക്കുമെന്നത് അറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു. അതേസമയം, വാക്‌സിന്‍ എപ്പോള്‍ കേരളത്തില്‍ എത്തുമെന്നത് സംബന്ധിച്ചോ, വാക്‌സിന്റെ ലഭ്യത സംബന്ധിച്ചോ ഒന്നും പറയാതെയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സൗജന്യമാണെന്ന് പ്രഖ്യാപിച്ചതെന്നാണ് യുഡിഎഫിന്റെ വാദം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ പദ്ധതികളോ സൗജന്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കാന്‍ വിലക്കുണ്ട്. അങ്ങനെ പ്രഖ്യാപിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Content Highlight: UDF move with complaint against CM on free Covid Vaccine statement