ശബരിമലയിൽ ആർടിപിസിആർ പരിശോധന നിർബന്ധം. ശബരിമല തീർത്ഥാടനത്തിനുള്ള കൊവിഡ് മാർഗ നിർദേശം ആരോഗ്യ വകുപ്പ് പുതുക്കി. ശബരിമലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാനദണ്ഡം പുതുക്കി പുറത്തിറക്കിയത്. ഡിസംബർ 26 മുതലാണ് ഇത് നിലവിൽ വരുന്നത്. തീർത്ഥാടകർക്കും ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നിലക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് നടത്തിയ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റാണ് കൊണ്ടു വരേണ്ടത്. ശബരിമലയിൽ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ 36 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 238 പേർക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരിൽ 18 പോലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉൾപെട്ടിരുന്നു.
കൊവിഡ് പോസിറ്റീവായ ആളുകളെ പമ്പയിലെത്തിച്ച് അവിടെ നിന്നും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളോട് സന്നിധാനം വിട്ടു പോകണമെന്നും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Content Highlights; News COVID-19 guidelines for Sabarimala pilgrims issued