എയിംസിലെ നഴ്സുമാരുടെ സമരം; നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം

nurses protest in Delhi aims

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഡൽഹി എയിംസിൽ നഴ്സുമാർ മടത്തുന്ന സമരത്തിന് അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത്. ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രാകരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസ്സമില്ലാതിരിക്കുന്നതിനായി നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് നിർദേശം നൽകി.

അത്യാഹിത വിഭാഗങ്ങൾ ഉൾപെടെ ബഹിഷ്കരിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം. ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക, മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക തുടങ്ങീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സമരം നടത്തുന്നത്. ഒരു മാസം മുൻപേ മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നു എങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരം ആരംഭിച്ചത് എന്നാണ് യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം സമരത്തിനിടെ മലയാളി നഴ്സിന് പോലീസ് മർദനമേറ്റതായും പരാതി ലഭിച്ചിട്ടുണ്ട്.

സമരത്തിനെത്തിയ നഴ്സുമായ പ്രധാന കവാടത്തിന് മുന്നിൽ പോലീസ് തടയുകയും അവിടെ വെച്ചുണ്ടായ ഉന്തും തള്ളിലിലും പോലീസ് നഴ്സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ നഴ്സിന്റെ കാലിന് പൊട്ടലുണ്ട്. എയിംസ് കാമ്പസിനകത്ത് വലിയ പോലീസ് സന്നാഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിനായി എയിംസ് അധികൃതർ ശ്രമിച്ചു എങ്കിലും ഫലം കണ്ടിരുന്നില്ല. സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപെട്ടുവെങ്കിലും സമരക്കാർ ഇത് തള്ളികളയുകയായിരുന്നു.

Content Highlights; nurses protest in Delhi aims