ജയ് ശ്രീറാം ഫ്ലക്സ്; വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത് എ.എൻ.ഐ, പിന്നീട് തിരുത്തൽ

ANI reported fake news for the Jai Shriram Banner case in Palakkad

പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് വെച്ച സംഭവത്തില്‍ വ്യാജവാര്‍ത്ത നൽകി ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ 153 ഐ.പി.സി വകുപ്പ് പ്രകാരം കേസെടുത്തുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ വാര്‍ത്തയ്‌ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ആദ്യ ട്വീറ്റിനൊപ്പം വിവരങ്ങള്‍ തിരുത്തി ക്കൊണ്ട് എ.എന്‍.ഐ പുതിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസില്‍ ‘ജയ് ശ്രീ റാം’ എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 ചുമത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു എന്ന് പറഞ്ഞാണ് രണ്ടാമത്തെ ട്വീറ്റ്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനത്തിന് ശ്രമിച്ചതിനാണ് കേസെന്ന് ബ്രാക്കറ്റില്‍ പറയുന്നുണ്ട്.

അതേസമയം ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയ സംഭവത്തിൽ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: ANI reported fake news for the Jai Shriram Banner case in Palakkad