കൊവിഡ് വാക്സിനേഷൻ ഇഷ്ടാനുസരണം എടുക്കേണ്ടത്, ആരേയും നിർബന്ധിക്കില്ല; ആരോഗ്യ മന്ത്രാലയം

covid shot voluntary say the government

കൊവിഡിനെതിരായ വാക്സിൻ ഇഷ്ടാനുസരണം എടുക്കേണ്ടതാണെന്നും ആരേയും അതിനു നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നടപ്പാക്കുന്ന വാക്സിൻ സുരക്ഷിതവും മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച വാക്സിനുകളെ പോലെ ഫലപ്രദവുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്സിൻ അതിന്റെ മുഴുവൻ സമയ ക്രമവും പാലിച്ചു വേണം എടുക്കാൻ. നേരത്തെ കൊവിഡ് ബാധിച്ചവർക്കും വാക്സിൻ സ്വീകരിക്കാം. ഇതിലൂടെ മികച്ച പ്രതിരോധ ശേഷി ഉണ്ടാകാൻ സഹായിക്കും. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞേ രോഗം പ്രതിരേധിക്കുന്നതിനായി വേണ്ടത്ര അളവിലുള്ള ആന്റീബോഡി ശരീരത്തിൽ ഉണ്ടാകൂ എന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

വാക്സിനുമായി ബന്ധപെട്ട സംശയ നിവാരണത്തിനായി മന്ത്രാലയം ഒരു കൂട്ടം ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറ് വാക്സിനുകളാണ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിലുള്ളത്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്തി പാർശ്വ ഫലങ്ങളുണ്ടോ എന്ന് നോക്കിയും മാത്രമേ ഇന്ത്യയിൽ ഈ വാക്സിനുകൾക്ക് അനുമതി നൽകൂ. മറ്റ് വാക്സിനുകൾക്കെന്ന പോലെ നേരിയ പനി, ശരീരത്തിൽ കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങൾ കൊവിഡ് വാക്സിനുമുണ്ടാകുന്നതാണ്.

28 ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് തവണയാണ് കുത്തിവെയ്പ്പ് എടുക്കേണ്ടത്. പാർശ്വഫലങ്ങളുമായ് ബന്ധപെട്ട് എന്തെങ്കിലും വിഷയങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രമേഹം, രക്താർബുദം, രക്തസമ്മർദം എന്നിവയിൽ ഒന്നോ അതിൽ കൂടുതലോ രോഗമുള്ളവർ വാക്സിനേഷൻ നടത്തേണ്ടതാണ്. ഇവരെ രോഗം വേഗം പിടികൂടാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപെടുത്തിയിട്ടുള്ളത്. വാക്സിൻ ലഭിക്കുന്നതിനായി രജിസ്ട്രേഷൻ നിർബന്ധമാണ്.

Content Highlights; covid shot voluntary say the government