കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ.സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രതിഷേധം

കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ. യൂത്ത് കോണ്‍ഗ്രസിൻ്റേയും കെഎസ്‌യുവിൻ്റേയും പേരിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിൽ ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പറയുന്നു. 

കൊല്ലത്ത് കൊല്ലത്ത് ഡിസിസി പ്രസിഡൻ്റ് ബിന്ദു കൃഷ്ണക്കെതിരെയും പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ ഏജൻ്റും പേയ്‌മെൻ്റ് റാണിയുമായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിൻ്റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം ഡിസിസി ഓഫീസിനും ആര്‍എസ്പി ഓഫീസിനും മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് പല ഭാഗത്തുനിന്നും ഉയരുന്നത്. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടു കഴി‍ഞ്ഞു. തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്നു രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്തു നടക്കും.

content highlights: Flex boards Seeking Leadership Change in Congress