തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. നിലവില്‍ സിഎഫ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും അടുത്ത മാസത്തോടെ തിരികെ നല്‍കേണ്ടതിനാലാണ് സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അന്വേഷിക്കുന്നത്.
ജനുവരിയോടെ എസ്എസ്എല്‍സി, പ്ലസ് ടു, കോളേജുകള്‍ എന്നിവ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇവിടെ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസിയിലെ ആളുകളെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി പൂര്‍ണമായും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതും ആശങ്കയാകുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്ന സൂചന നേരത്തെ ആരോഗ്യ മന്ത്രി നല്‍യിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലേക്ക് ഉയര്‍ന്നു. ഇത് ഇനിയും കൂടുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കുറയുമ്പോഴും ഐസിയു, വെന്റിലേറ്റര്‍ എന്നിവയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Content Highlight: Covid cases increases in Kerala after Local body Election