ശബരിമല: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഞായറാഴ്ച അത് നടക്കാനിടയില്ല. ഭക്തരെ പ്രവേശിപ്പിക്കുന്ന വെര്‍ച്വല്‍ ക്യൂ ശനിയാഴ്ച വരെ തുറക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനുള്ള സാധ്യത ഇടിഞ്ഞത്. ഞായറാഴ്ച ദിവസങ്ങളില്‍ 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നേരത്തെ തിങ്കല്‍ മുതല്‍ വെളളി വരെയുള്ള ദിവസങ്ങളില്‍ 2,000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമായിരുന്നു ദര്‍ശനാനുമതി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ശബരിമലയല്‍ കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കാനുള്ള അപേക്ഷ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തള്ളിയിരുന്നു.
അതേസമയം ഡിസംബര്‍ 26ന് ശേഷം ശബരിമലയില്‍ എത്തുന്ന ഭക്തര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍, ആര്‍ടിലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
Content Highlight: Government made control in Pilgrims to Sabarimala as number of Covid cases rises