മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും. രണ്ട് ദിവസം ചോദ്യം ചെയ്തെങ്കിലും ഇനിയും പല കാര്യങ്ങളിലും ഇഡിക്ക് വിശദീകരണം ലഭിക്കേണ്ടതിനാലാണ് വീണ്ടും വിശദമായ ചോദ്യം ചെയ്യൽ നടത്തുന്നത്. സർക്കാർ പദ്ധതികളിലെ കമ്മീഷന് ഇടപാട് മുതല്‍ സ്വർണക്കടത്ത് വരെയുള്ള കാര്യങ്ങളില്‍ ഇ.ഡിക്ക് സംശയങ്ങള്‍ ഉണ്ട്. ഇക്കാര്യങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കിയ കരാറുകളില്‍ നിന്ന് കമ്മീഷന് ലഭിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. കൂടാതെ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രവീന്ദ്രന് നല്കിയ വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയും നടക്കുന്നുണ്ട്. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് നേരത്തെ തന്നെ ഇ.ഡി അന്വേഷണം നടത്തിയിരുന്നു. അതു കൊണ്ടു തന്നെ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് രവീന്ദ്രന് തിരിച്ചടിയാകും. രവീന്ദ്രന് നല്കിയ മറുപടി ഇ.ഡി ശേഖരിച്ച വിവരങ്ങളുമായി ചേർന്ന് പോകുന്നതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി പോയേക്കാം.
Content Highlights; enforcement questioned c m Raveendran