ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; പുതിയ ഹര്‍ജിയുമായി ഇഡി സുപ്രിം കോടതിയില്‍

ED approaches supreme court in order to cancel Bail of  M Sivasankar

എം. ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം എം. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് ആരോപണം. അന്വേഷണം അട്ടിമറിക്കാന്‍ എം. ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നും ഇഡി ഹര്‍ജിയില്‍ ആരോപിക്കുന്നു.

അടിയന്തരമായി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഇഡി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞതവണ ഈ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ് സുപ്രിം കോടതി സ്വീകരിച്ചത്.

content highlights: ED urges SC to cancel Sivasankar’s bail