കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍; ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഫൈസര്‍ കമ്പനിയുടെ വാക്‌സിനാണ് ബൈഡന്‍ സ്വീകരിച്ചത്. നേരത്തെ ഭാര്യ ജില്‍ ബൈഡനും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തായിരുന്നു ബൈഡന്റെ വാക്‌സിന്‍ സ്വീകരണം. കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിന്റെ ഭാഗമാണിതെന്ന് ബൈഡന്‍ പ്രതികരിച്ചു.

വാക്സിന്‍ ലഭ്യമാകുമ്പോള്‍ അതിന് തയാറാണെന്ന് കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞാഴ്ച മുതല്‍ അമേരിക്കയില്‍ ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്‌സിനേഷനിലാണ് പെന്‍സ് വാക്‌സിന്‍ സ്വീകരിച്ചത്.

അമേരിക്കന്‍ കമ്പനിയായ മോഡേണ വാക്‌സിനും യുഎസ് ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ വാക്‌സിന്‍ കോവിഡിനെതിരേ 94 ശതമാനം ഫലപ്രദമാണെന്ന് എഫ്ഡിഎ നേരത്തേ റിപ്പോര്‍ട്ട് നല്കിയിരുന്നു. 20 കോടി ഡോസ് വാക്‌സിനാണ് യുഎസ് മോഡേര്‍ണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: Joe Biden receives Covid 19 vaccine live on Television