സിസ്റ്റര്‍ അഭയ കേസ്: ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: 28 വര്‍ഷം നീണ്ട അഭയക്കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും പ്രതികളെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി. കേസില്‍ ശിക്ഷാവിധി നാളെ തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്ന കണ്ടെത്തലില്‍ സിബിഐ എത്തിച്ചേരുകയായിരുന്നു.

1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധി പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി.സി.എം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താല്‍ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി.ബി.ഐ കുറ്റപത്രം.

സംഭവം നടന്ന് 28 വര്‍ഷത്തിനിടെ 16 സംഘങ്ങളാണ് കേസന്വേഷിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇതില്‍ 8 പേര്‍ കൂറുമാറിയിരുന്നു.

Content Highlight: Sister Abhaya Case Verdict