ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയം; ക്നാനായ സഭ

കോട്ടയം: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതിരുപതയുടെ പി.ആര്‍.ഒ അഡ്വക്കേറ്റ് അജി കോയിക്കലാണ് വാര്‍ത്താ കുറിപ്പില്‍ ഒപ്പ് വെച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും തെളിവു നശിപ്പിക്കലിന് ഏഴുവര്‍ഷം തടവ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂര്‍ 6.50 ലക്ഷം രൂപയും സിസ്റ്റര്‍ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.

Content Highlight: Knanaya Catholic Church responds to Abhaya Murder Case Punishment