തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 10.52ഓടെയായിരുന്നു അന്ത്യം.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു.
കേരളത്തിന്റെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍ ആണ് പിതാവ്. മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ്. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു.
Content Highlight: Poet Sugathakumari dies