ന്യൂഡല്‍ഹി: നീതിക്ക് വേണ്ടിയുള്ള കര്‍ഷക പോരാട്ടം ഇന്ന് 29-ാം ദിവസത്തിലേക്ക്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് ഉച്ചഭക്ഷണം ഒഴിവാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരം കര്‍ഷകരാണ് ഇന്ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തുന്നത്.
ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും തുറന്ന മനസോടെയും സദുദ്ദ്യേശത്തോടെയും കേന്ദ്രസര്‍ക്കാര്‍ സമീപിക്കണമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്കുള്ള അനുകൂല സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കത്തിനുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശൈത്യം കടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കൊടും തണുപ്പ് അടക്കം കാരണങ്ങള്‍ കാരണം മുപ്പത്തിനാല് കര്‍ഷകരാണ് ഇതുവരെ മരിച്ചത്. എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
Content Highlight: Farmers protest moving to the 29th Day