റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ പരേഡുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സൈനികരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ ചിലര്‍ പോസിറ്റീവായി. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആയിരത്തോളം സൈനികരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ചവരെ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരേഡ് സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതര്‍ വ്യക്തമാക്കി. വര്‍ഷംതോറും ആയിരത്തിലധികം സൈനികര്‍ റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡില്‍ പങ്കെടുക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് എത്താറുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ എത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

Content Highlight: 150 soldiers in Delhi for Republic Day parade test positive for COVID-19