നിയമസഭ പ്രത്യേക സമ്മേളനം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. വിഷയത്തില്‍ പ്രത്യേക നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവെച്ചിട്ടില്ല. സര്‍ക്കാറിന്റെ നിലപാട് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ഗവര്‍ണറുമായുള്ളത് രാഷ്ട്രീയ പ്രശ്‌നമാണെന്ന് വ്യാഖ്യാനിക്കാനാവില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടേണ്ട ആവശ്യമില്ല. ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യേക നിയമസഭ ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഇന്നലെ മന്ത്രിസഭായോഗത്തില്‍ ആമുഖമായി മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇതു പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനത്തെ അംഗീകരിക്കുന്നതിന് പകരം എന്തിന് നിയമസഭ ചേരണം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഗവര്‍ണര്‍ക്ക് ഉന്നയിക്കാനാകില്ലെന്നും ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.

Content Highlight: Minister V S Sunil Kumar on Special Assembly Session