കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്ത് വ്യാപിക്കുന്നു

UK Mutant Variant Continues Global Spread Despite Containment Efforts

ആഗോളതലത്തിൽ നിയന്ത്രണ ശ്രമങ്ങൾ നടത്തുന്നതിനിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകത്ത് വ്യാപിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമേ കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും ശനിയാഴ്ച ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസ്, ഡെൻമാർക്ക്, സ്പെയിൻ, സ്വീഡൻ, നെതർലാൻഡ്, ജർമ്മനി, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനോടകം പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

കാനഡയിലെ ഒന്റാറിയോയിൽ രണ്ട് പേർക്ക് ശനിയാഴ്ച കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. യാത്രകളൊന്നും നടത്താത്ത ദമ്പതികളിലാണ് രോഗം കണ്ടെത്തിയത്. കൊവിഡ് വകഭേദം വടക്കേ അമേരിക്കയിൽ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. എന്നാൽ കൊവിഡ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുകയും മരണവും സംഭവിക്കുകയും ചെയ്ത അമേരിക്കൽ ഇതുവരെ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടണിൽ നിന്നും എത്തുന്നവർക്ക് യുഎസ് തിങ്കളാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. ഡിസംബർ 28 മുതൽ ജനുവരി അവസാനം വരെ എല്ലാ വിദേശ പൌരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ജപ്പാൻ താത്കാലിക വിലക്കേർത്തിയിട്ടുണ്ട്. ജപ്പാനിൽ ശനിയാഴ്ച അഞ്ച് പേർക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചതിന്എറ പശ്ചാത്തലത്തിലാണിത്. യുകെയിൽ നിന്നും എത്തിയവർക്കാണ് രോഗം കണ്ടെത്തിയത്. അതിവേഗം പടരുന്ന കൊവിഡ് വൈറസ് വ്യാപിക്കുമ്പോഴും വാക്സിൻ വിതരണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.

Content Highlights; UK Mutant Variant Continues Global Spread Despite Containment Efforts