സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി

Saudi Arabia extends entry ban amid threat of new COVID-19 variant 

ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീട്ടി. രാജ്യത്തെ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം തടയുന്നതിനായി ഡിസംബര്‍ 20 മുതലാണ് ഒരാഴ്ചത്തേക്ക് സൗദിയിൽ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്.

ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. അതേ സമയം ഇന്നലെ മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം സാഹചര്യം വീണ്ടും പരിശോധിച്ച് പുതിയ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ബ്രിട്ടണിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ബ്രിട്ടണിലേക്കുള്ള യാത്ര 50 രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. 

content highlights: Saudi Arabia extends entry ban amid threat of new COVID-19 variant