സഞ്ജയ് റാവത്തിനെതിരെ ഇഡി; പി.എം.സി ബാങ്ക് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യും

Sena's Sanjay Raut's Wife Summoned For Questioning In PMC Bank Case

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌. ഡിസംബര്‍ 29ന് ഇ.ഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. പഞ്ചാബിലെയും മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെയും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി നേരത്തെ രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വര്‍ഷ റാവത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ബാങ്കിന്റെ ചില വായ്പാ അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇ.ഡിയുടെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളായ ഹൗസിംഗ് ഡെവലപ്‌മെന്റ് & ഇന്‍ഫ്രാസ്ട്രക്ചര്‍, എച്ച്ഡിഎല്‍ എന്നിവയ്ക്ക് നല്‍കിയ വായ്പകളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. ബി.ജെ.പിയില്‍ നിന്ന് എന്‍.സി.പിയിലേക്ക് എത്തിയ ഏക്‌നാഥ് ഖഡ്‌സയേയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30ന് ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

content highlights: Sena’s Sanjay Raut’s Wife Summoned For Questioning In PMC Bank Case