നിലവിലെ വാക്സിനുകൾ പുതിയ കൊറോണ വൈറസിനേയും പ്രതിരോധിക്കും; കേന്ദ്ര ആരോഗ്യമന്ത്രാലയം

ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ ഇപ്പോള്‍ കണ്ടെത്തിയ വാക്‌സിന്‍ ഫലപ്രദമല്ലെന്ന പ്രചരണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്ന് ശാസ്ത്ര ഉപദേഷ്ടാവായ കെ.വിജയരാഘവന്‍ പറഞ്ഞു. വൈറസിനുണ്ടാകുന്ന ചെറിയ ജനിതക മാറ്റങ്ങള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

content highlights: “No Evidence Vaccines Will Fail”: Health Ministry On Battling New Strains