ഇന്ത്യയിൽ ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍

India will have Covid-19 vaccine within days: AIIMS director

ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. ഓക്‌സ്ഫര്‍ഡ് -ആസ്ട്രാസെനേക്ക വാക്‌സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്‌സിന് അനുമതി നല്‍കിയത്.

”വലിയ മുന്നേറ്റമായാണ് ഇത് കണക്കാക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ കഴിയും. ഫൈസര്‍ പോലുള്ള മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്‍ സൂക്ഷിക്കാന്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെന്റിഗ്രേഡ് വരെ മതിയാകും. റഫ്രിജറേറ്ററില്‍ പോലും വാക്‌സിന്‍ സൂക്ഷിക്കാന്‍ കഴിയും. ഇതിനാല്‍ രാജ്യത്ത് വാക്‌സിന്‍ സംഭരിക്കാനും ഗതാഗതത്തിനും സഹായകരമാകും. ഇതാണ് ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്റെ പ്രധാന സവിശേഷത”- എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു.

ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്റെ വലിയൊരു ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത്. ബ്രസീല്‍, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെയില്‍ വാക്‌സിന് അനുമതി ലഭിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടും പഠനം നടത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ വൈകാതെ തന്നെ രാജ്യത്തും വാക്‌സിന് വിതരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights; India will have Covid-19 vaccine within days: AIIMS director