കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് 9 മാസത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. പത്താം ക്ലാസ്, പ്ലസ് ടു കുട്ടികളാണ് നാളെ സ്കൂളിലെത്തുന്നത്. അമ്പത് ശതമാനം കുട്ടികൾ ഒരു ദിവസം സകൂളിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി പൂർണമായും കെട്ടടങ്ങാത്ത സാഹചര്യത്തിൽ വരുന്ന അധ്യയന കാലത്തെ ആത്മ വിശ്വാസത്തോടെയും ജാഗ്രതയോടും കൂടി നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം. രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്. കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും പുനരാരംഭിക്കുന്നതാണ്.
Content Highlights; Kerala schools to reopen tomorrow