സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്സല്‍ നാളെ രാവിലെ 9 മുതല്‍ 11 മണിവരെ നടക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാക്‌സിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

Content Highlight: Covid vaccine dry run to be held in 4 districts of Kerala on Saturday