സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രേക്ഷകരെ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുറേ നാളുകളായി അടഞ്ഞു കിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതി മുതല്‍ സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അഞ്ചുമുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് അനുമതി. ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്ന തിയറ്ററുകളാണ് നിലവില്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിയറ്ററുകള്‍ അടഞ്ഞു കിടന്ന സാഹചര്യത്തില്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കി. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Kerala to reopen Theaters from next week