കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യം; ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ അത്യാവശ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്ന കൂട്ടായ നേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നും ചാനല്‍ അഭിമുഖത്തില്‍ താരിഖ് അന്‍വര്‍ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന് നിലവിലെ രീതിയില്‍ മുന്നോട്ടു പോകാനാവില്ല. തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ ആശയകുഴപ്പം വ്യക്തമാണ്. ഒരു വിഷയത്തില്‍ നേതാക്കള്‍ പലതരം നിലപാടുകള്‍ സ്വീകരിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കരുത്. കഴിവുള്ളവരെ കണ്ടെത്തി അവരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണം. അതിനുള്ള സംവിധാനം പാര്‍ട്ടി രൂപീകരിക്കണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല. കൂട്ടായ നേതൃത്വത്തെ മുന്നോട്ടുവെക്കും. മുഖ്യമന്ത്രി ആരാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരി നാല്, അഞ്ച് തീയതികളില്‍ താരിഖ് അന്‍വര്‍ വീണ്ടും കേരളത്തിലെത്തും. പോഷക സംഘടനകളുടെയും താഴേത്തട്ടിലെയും മാറ്റങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിക്ക് ശേഷം കേരളത്തിലെ നേതാക്കളുടെ നിലപാട് ആരായും.

Content Highlight: Tariq Anwar about Congress Minister candidate