സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റണ്‍ 11ന് അവസാനിക്കും.

വാക്‌സിന്‍ വിതരണത്തിനുള്ള ട്രയല്‍ മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്നുണ്ട്. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു. വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ ക്രമത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുക.

‘കോവിഷീല്‍ഡ്’ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം (സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) ശിപാര്‍ശ ചെയ്തിരുന്നു. അടുത്താഴ്ച തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും. കോവിഡിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതാണ് സമിതിയുടെ നിര്‍ണായക തീരുമാനം. ബ്രിട്ടനും അര്‍ജന്റീനയും കോവിഷീല്‍ഡ് അടിയന്തര ഉപയോഗത്തിന് അടുത്തിടെ അനുമതി നല്‍കിയിരുന്നു.

Content Highlight: Covid vaccine Dry Run starts in Kerala